ഡോക്ടറെ കുത്തിക്കൊന്ന പ്രതി യുപി സ്കൂളിലെ അധ്യാപകൻ; ലഹരിക്ക് അടിമയെന്ന് റിപ്പോര്‍ട്ട്

0
90

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കുത്തിക്കൊന്ന പ്രതി സന്ദീപ് ലഹരിക്ക് അടിമയെന്ന് റിപ്പോര്‍ട്ട്. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ ഇയാള്‍ ഡീ അഡിക്ഷന്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. വീടിന് അടുത്തുള്ളവരുമായി നടന്ന അടിപിടിയില്‍ സന്ദീപിന്‍റെ കാലിന് മുറിവേറ്റിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ അക്രമാസക്തനായ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഹൗസ് സർജൻ ഡോ. വന്ദന (25) ആണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. സർജിക്കൽ കത്രിക ഉപയോഗിച്ച് മുതുകത്തും മുഖത്തും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൂയപ്പളളി സ്റ്റേഷൻ പോലീസുകാരായ ഹോംഗാർഡ് അലക്സ്, നൈറ്റ് ഓഫീസർ ബേബി മോഹൻ, എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലെ പോലീസ് ഉദ്യോഗസ്ഥൻ മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു എന്നിവർക്കാണ് കുത്തേറ്റത്. കൊട്ടാരക്കര സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.