അടുത്തയാഴ്ച ജിദ്ദയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയയ്ക്കും ക്ഷണം

0
119

അടുത്തയാഴ്ച ജിദ്ദയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയയ്ക്കും ക്ഷണം. സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് സിറിയന്‍ പ്രസിഡന്റിന് കൈമാറി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയക്ക് ക്ഷണം ലഭിക്കുന്നത്.

മെയ് 19ന് ജിദ്ദയിലാണ് 32-ാമത് അറബ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെ സൗദി ക്ഷണിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് ജോര്‍ദാനിലെ സൌദി അംബാസഡര്‍ നായിഫ് അല്‍ സുദൈരി ദമസ്‌ക്കസില്‍ വെച്ച് ബശാര്‍ അല്‍ അസദിന് കൈമാറി. സിറിയന്‍ ഗവന്‍മെന്റിനും ജനങ്ങള്‍ക്കും സുരക്ഷയും സ്ഥിരതയും സല്‍മാന്‍ രാജാവ് ആശംസിക്കുകയും ചെയ്തു.

ഒരു ദശാബ്ദത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 23നാണ് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും സൌദിയും സിറിയയും തീരുമാനിച്ചത്. കഴിഞ്ഞ മാസം സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സിറിയ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അറബ് ലീഗ് സമ്മേളനങ്ങളില്‍ സിറിയന്‍ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കാന്‍ ഞായറാഴ്ചയാണ് അറബ് ലീഗ് മിനിസ്റ്റീരിയല്‍ മീറ്റിംഗ് തീരുമാനിച്ചത്. 2011 നവംബറില്‍ ആണ് അറബ് ലീഗില്‍ നിന്നു സിറിയ പുറത്തായത്. രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ബന്ധം പുനസ്ഥാപിച്ചതോടെ സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും എന്നാണ് പ്രതീക്ഷ.