കര്‍ണാടക പോളിങ് ആരംഭിച്ചു; 5,30,85,566 വോട്ടര്‍മാര്‍ വിധിയെഴുതും

0
77

കര്‍ണ്ണാടക ഇന്ന് പോളിങ് ബൂത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന നിലയില്‍ സമാനതകളില്ലാത്ത പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ബിജെപിക്കായി പ്രധാനമന്ത്രി അലയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ പ്രിയങ്ക ദ്വയം ഹൈവോള്‍ട്ടേജ് പ്രചാരണം കാഴ്ച വച്ചു. അഴിമതി മുതല്‍ ഹിന്ദുത്വം വരെ തരാതരം പോലെ വീശി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം മികച്ച രീതിയില്‍ നടത്തി.

135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോള്‍ 141 സീറ്റാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിര്‍ത്തുകയാണ് ജെഡിഎസ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തില്‍പരം സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നുണ്ട്. 5,30,85,566 ആണ് ആകെ വോട്ടര്‍മാര്‍. 11,71,558 കന്നി വോട്ടര്‍മാരും 12,15,920 വോട്ടര്‍മാര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്.58,545 പോളിംഗ് സ്റ്റേഷനുകളിലായി 4 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്ത്യ ടുഡേസി വോട്ടര്‍ സര്‍വേയില്‍ ഇക്കുറി ബിജെപി കര്‍ണാടകയില്‍ 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 107 -119 സീറ്റുകള്‍ നേടുമെന്നും സര്‍വേ ഫലം പറയുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്നതാണ് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിലാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം.