ഡോക്ടറെ കുത്തി കൊന്ന സംഭവം; കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക്

0
114

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക്. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവക്കുന്നു. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവയ്ക്കുകയാണ്.

സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം എന്നു സംഘടന ആവശ്യപ്പെടുന്നു. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണമെന്ന് കെ ജി എം ഒ എ സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്.