ഡോ.വന്ദനയുടെ മാതാപിതാക്കളെ കണ്ട് മുഖ്യമന്ത്രിയും ഗവർണറും

0
141

കൊല്ലം കൊട്ടാരക്കരയിൽ ചികിത്സയ്ക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കിംസ് ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവർണറും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഡോ.വന്ദന മരണത്തിന് കീഴടങ്ങിയത്

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യമന്ത്രി വീണ ജോർജ്, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവരാണ് കിംസിലേക്ക് എത്തിയത്. മരിച്ച വന്ദനയുടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിയിൽ വന്ദനയുടെ മാതാപിതാക്കളെ മന്ത്രിമാർ ആശ്വസിപ്പിച്ചു. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. അതിനുശേഷം പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് കടക്കും.

വികാരാധീനനായാണ് ഗവർണർ വിഷയത്തിൽ പ്രതികരിച്ചത്. ഇനിയൊരു അച്ഛനും അമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നായിരുന്നു ഗവർണറുടെ വാക്കുകൾ. ഗവർണറും വന്ദനയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിച്ചു.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടയിൽ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടർ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വർത്തക്കുറിപ്പിൽ അറിയിച്ചു.

അതേസമയം ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.