Tuesday
30 December 2025
31.8 C
Kerala
HomeKeralaതാനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പാലാരിവട്ടം പോലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസറിന്റെ സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ. സഹോദരൻ സലാം, കൂട്ടാളി മുഹമ്മദ് ഷാഫി എന്നിവരാണ് കസ്റ്റഡിയിലായത്. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നരഹത്യാ കേസിൽ പ്രതിയായ നാസർ ഒളിവിൽ തുടരുകയാണ്.

അതേസമയം താനൂർ ബോട്ടപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വലിയ ദുരന്തമാണ് കേരളത്തിൽ ഉണ്ടായത്. 22 പേരാണ് ബോട്ടപകടത്തിൽ മരിച്ചത്. 10 പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 2 പേർ ആശുപത്രി വിട്ടുവെന്നും 8 പേർ ചികിത്സയിലാണെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments