Tuesday
30 December 2025
31.8 C
Kerala
HomeKeralaബോട്ട് അപകടത്തിൽ പരിക്കേറ്റവർക്കും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്

ബോട്ട് അപകടത്തിൽ പരിക്കേറ്റവർക്കും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ പരിക്കേറ്റവർക്കും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും തീവ്ര മാനസികാഘാതത്തിൽ നിന്നും മുക്തമാക്കാൻ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ കേന്ദ്രങ്ങൾ വഴി മാനസിക പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും.

കുട്ടികളെ അപകടത്തിന്റെ നടുക്കത്തിൽ നിന്നും ഭയത്തിൽ നിന്നും മോചിപ്പിക്കുന്നതിന് ചൈൽഡ് കൗൺസിലർമാരുടെ സേവനം ലഭ്യമാക്കും. കൗൺസിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ നേതൃത്വത്തിൽ താനൂരിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക യോഗം ചേർന്നു. ചികിത്സയിലുള്ളവർ അപകടനില തരണം ചെയ്തു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. ചെളിയുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്.

ഇന്നലെ രാത്രിയിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിരുന്നു. ഏകോപനത്തിനായി ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ ഇന്നലെ തന്നെ നിയോഗിച്ചിരുന്നു. തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.

തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റുമോർട്ടം നടത്തി. രാത്രിയിൽ തന്നെ യാത്ര ചെയ്ത് അതിരാവിലെ പോസ്റ്റുമോർട്ടം ആരംഭിച്ച് രാവിലെ 9 മണിക്ക് മുമ്പായി പോസ്റ്റുമോർട്ടം നടത്താനായി. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ഇതിന് സഹായകരമായെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments