താനൂർ ദുരന്തത്തിൽ ബോട്ടുടമയ്‌ക്കെതിരെ പൊലീസ് കേസെടുക്കും. ബോട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ബോട്ടിൽ മുപ്പതിലധികം പേർ ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ യാത്രക്കാരുടെ എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ബോട്ടിൽ സുരക്ഷാ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അനുവദനീയമായതിലും കൂടുതൽ ആളുകളാണ് ബോട്ടിലുണ്ടായിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, കുട്ടികൾക്ക് ടിക്കറ്റ് നൽകിയിരുന്നില്ല. ബോട്ടുടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോൺ ഓഫാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിൽ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ബോട്ടുടമയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ ജീവനക്കാരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് സൂചന.