താനൂരില്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് വരെ തെരച്ചില്‍ തുടരുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. നാളത്തെ തെരച്ചിലില്‍ തീരുമാനം പിന്നീടെടുക്കും. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയെന്നും ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.
22 പേരുടെ മരണത്തിനിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ടിന് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നില്ല. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ബോട്ട് അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവ പക്ഷേ പാലിക്കപ്പെട്ടിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു. വൈകിട്ടോടെ തെരച്ചില്‍ അവസാനിപ്പിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഇതിനിടെ പൊലീസിനെ തെറ്റിധരിപ്പിക്കാനും ഒളിവിലുള്ള ബോട്ടുടമ ശ്രമിക്കുന്നുണ്ട്. ബോട്ടുടമയായ നാസറിന്റെ ഫോണ്‍ സഹോദരന്റ കൈയിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഫോണ്‍ കൈമാറിയ ശേഷം നാസര്‍ ഒളിവില്‍ തന്നെ തുടരുകയാണ്.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്.അപകടത്തിന് കാരണമായ നിയമലംഘനങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ബോട്ടിന് ലൈസന്‍സില്ലാത്തതുള്‍പ്പെടെ വലിയ നിയമലംഘനങ്ങളാണ് താനൂരില്‍ നടന്നത്.