വിസ്മയത്തിലേക്ക് കാലെടുത്തു വെച്ച് സലീലനും കുടുംബവും

0
62

കാലിന് അർബുദ രോഗ ബാധയെ തുടർന്നാണ് ആകെ ആശ്രയമായിരുന്ന ചായകട സലീലന് നിർത്തേണ്ടി വന്നത്. ഇപ്പോൾ മുഖ്യമന്ത്രിയ്ക്കൊപ്പം പുതിയ വീട്ടിലേക്ക് കാൽ വെച്ചതിന്റെ സന്തോഷത്തിലാണ് സലീലനും കുടുംബവും.

മേക്കൊൺ കല്ലുവിള കിഴക്കതിൽ സലീലന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പാല് കാച്ചിയാണ് ലൈഫ് മിഷനിൽ പൂർത്തിയാക്കിയ 20314 വീടുകളുടെ താക്കോൽദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. അർബുദവും സാമ്പത്തിക പരാധീനതകളും പിടിച്ചുലച്ച സലീലനും കുടുംബതിനും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി സുരക്ഷിതമായ വീട്.

ചികിത്സയെ തുടർന്ന് ചെറിയൊരു ചായ കട ഉണ്ടായിരുന്നത് നിലച്ചു. തുടർന്ന് ഭാര്യ രത്നകുമാരിയുടെ തയ്യൽ ജോലിയിൽ നിന്നാണ് വീട് മുന്നോട്ട് പോയത്. പാരാമെഡിക്കൽ വിദ്യാർഥിയായ മകൻ വിഷ്ണുവിന്റെയും ഫാഷൻ ഡിസൈൻ വിദ്യാർത്ഥിയായ മകൾ ശ്രദ്ധയുടെയും പഠന ചിലവ്‌ കൂടിയായതോടെ വീടെന്ന സ്വപ്നത്തെ മറന്ന് തുടങ്ങിയതാണ്. എന്നാൽ ലൈഫ് പദ്ധതിയിൽ കൊറ്റങ്കര പഞ്ചായത്തിന്റെ അർഹതാ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഈ കുടുംബം വീട്ടിലേക്കുള്ള ചുവടുകൾ വെച്ചു തുടങ്ങി. ഇതിനിടയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിൽ സലീലന്റെ രോഗവും പൂർണ്ണമായും ഭേദപ്പെട്ടു.

ഒടുവിൽ മനോഹരമായ വീട്ടിലേക്ക്, നാടിന്റെ മുഖ്യമന്ത്രിയ്ക്ക് ഒപ്പം കയറാൻ കഴിഞ്ഞ ഭാഗ്യവും തേടിയെത്തി. ഉദ്ഘാടനം സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ പോലെ, ഒരിക്കലും നടക്കില്ലെന്ന് കരുതിയ വീടെന്ന സ്വപ്നത്തിന്റെ യാഥാർഥ്യത്തിന് താഴെ, അഭിമാനത്തോടെ ഇന്ന് 20314 കുടുംബങ്ങൾക്കൊപ്പം ഇവരും ഉറങ്ങും.