വ്യാജ ആരോപണങ്ങൾക്ക് പ്രതിപക്ഷത്തെ ജനം വീണ്ടും പാഠം പഠിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

0
71

സർക്കാരിനെതിരെ പൊതുവേയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രത്യേകിച്ചും ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾക്ക് പ്രതിപക്ഷത്തെ ജനം വീണ്ടും പാഠം പഠിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാട്ടാക്കടയിൽ ലൈഫ് പദ്ധതി പ്രകാരം വീട് നൽകലിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് ജനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുത്ത തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് ഇനിയും പാഠം പഠിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. ഉറപ്പില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് പ്രതിദിനം ഓരോ ആരോപണവുമായി രംഗത്തുവരുന്നത്. പ്രതിപക്ഷ ആരോപണങ്ങളേക്കാൾ ജനം വിശ്വസിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളെയാണ്. ആരോപണത്തിനുവേണ്ടി ആരോപണമുന്നയിക്കുന്ന പ്രവൃർത്തി തന്നെയാണ് ബിജെപിയും ചെയ്യുന്നത്. ആ പാർട്ടിയുടെ കേരളത്തിലെ വളർച്ച പടവലങ്ങ പോലെയാണ്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാരിനാണ് ജനപിന്തുണയെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ എല്ലാ പദ്ധതികൾക്കെതിരെയും അഴിമതി ആരോപിച്ച് കേരളത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചരിത്രം ഇവരെ വികസന മുടക്കികൾ എന്ന് വിളിക്കും. ഇത്തരം കുൽസിത പ്രവർത്തനങ്ങൾ നടത്തുക വഴി സംസ്ഥാനത്തെ യുവാക്കളോട് വലിയ വഞ്ചനയാണ് ഇവർ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒക്കെ പ്രതിപക്ഷം ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. എന്നാൽ ഇതുവരെ ഒരു ആരോപണത്തിന് പോലും തെളിവ് ഹാജരാക്കാൻ ആരോപണം ഉന്നയിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ആരോപണ മഴ തീർത്ത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തകർന്നടിഞ്ഞു . ആ അനുഭവം തന്നെയാണ് വരുംകാലത്തും പ്രതിപക്ഷത്തെ കാത്തിരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ മികച്ച സ്‌കൂളുകളും ഗതാഗത സൗകര്യങ്ങളും കേരളത്തിൽ കുറവായിരുന്നു. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായ മാറ്റങ്ങൾ ജനങ്ങൾ കണ്ടും അനുഭവിച്ചും അറിഞ്ഞവർ ആണ്. അതിന്റെ പ്രതിഫലനമാണ് എൽ ഡി എഫ് നേടിയ വമ്പിച്ച ഭൂരിപക്ഷം. ഇനിയും തുടർഭരണം ഉണ്ടാകും എന്ന ഭയമാണ് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കാനുള്ള മനോവികാരമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.