കോട്ടയത്തെ ആതിരയുടെ ആത്മഹത്യ: പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ

0
183

സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് മാസം രണ്ടിനാണ് രാകേഷ് കുമാർ പെരിന്തൽമണ്ണ എന്ന പേരിൽ അരുൺ ഇവിടെ മുറിയെടുത്തത്.

കൂടുതൽ സമയവും മുറിക്കുള്ളിൽ ചിലവഴിച്ച ഇയാൾ ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. മുറി തുറക്കാതായതോടെ ജീവനക്കാർ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമിൽ നിന്നും ഐഡി കാർഡ് കണ്ടെത്തിയത്. വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസുമാണ് മുറിയിൽ നിന്നും കണ്ടെത്തിയത്. ഇതോടെയാണ് കോട്ടയത്തെ സൈബർ കേസിലെ പ്രതിയെന്ന് പൊലീസിന് ഉറപ്പായത്.

നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും അരുൺ വിദ്യാധരനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുൺ ആതിരക്കെതിരെ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.

ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുൺ ഒളിവിൽ പോയി. തിങ്കളാഴ്ച ആതിര ജീവനൊടുക്കി. പിന്നാലെ അരുണിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് കാസർകോട്ട് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് കോട്ടയം പൊലീസിന് വിവരം ലഭിച്ചത്.