ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; 3 പേർക്ക് പരിക്കേറ്റു

0
203

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ ഇന്ന് രാവിലെയോടെയാണ് കിഷ്ത്വാറിൽ തകർന്ന് വീണത്. പൈലറ്റടക്കം മൂന്ന് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂവരും പരിക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരു നദിക്ക് സമീപത്താണ് ഹെലികോപ്ടർ തകർന്നുവീണത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

അതേ സമയം, ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേന ഇന്ന് രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു.