ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനികന് വീരമൃത്യു

0
58

ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനികന് വീരമൃത്യു. ടെക്‌നിക്കല്‍ വിഭാഗത്തിലെ പബല്ല അനില്‍ ആണ് വീരമൃത്യു വരിച്ചത്. എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

കിഷ്ത്വാര്‍ ജില്ലയില്‍ വച്ച് ഹാര്‍ഡ് ലാന്‍ഡിങ് ചെയ്ത ഹെലികോപ്റ്റര്‍ വനപ്രദേശത്തേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

കിഷ്ത്വാര്‍ മേഖലയിലെ മറുവ നദിയുടെ തീരത്താണ് ലാന്‍ഡിങിന് ശ്രമിച്ചത്. സാങ്കേതിക തകരാര്‍ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു ലാന്‍ഡിങ് ശ്രമം. ആര്‍മി റെസ്‌ക്യൂ ടീമുകള്‍ എത്തിയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ പൈലറ്റുമാരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി കിഷ്ത്വറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഖലീല്‍ അഹമ്മദ് പോസ്വാള്‍ പറഞ്ഞു. ഈ പ്രദേശത്തെ ആളുകള്‍ക്ക് ശൈത്യകാലത്ത് ഹെലികോപ്റ്ററുകള്‍ മാത്രമാണ് ഗതാഗത മാര്‍ഗ്ഗം. റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഏക ആശ്രയവും ഹെലികോപ്റ്ററുകളാണ്.