Monday
22 December 2025
19.8 C
Kerala
HomeIndiaശരദ് പവാർ NCP അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു

ശരദ് പവാർ NCP അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു

മുതിർന്ന രാഷ്ട്രീയ നേതാവും മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനുമായ ശരദ് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (NCP) അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചു.

രണ്ട് പതിറ്റാണ്ട് മുമ്പ് ഇദ്ദേഹം കെട്ടിപ്പടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP). NCP യുടെ അദ്ധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം പെട്ടെന്ന് അദ്ദേഹം പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇത് ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചിരിയ്ക്കുകയാണ്. പവാറിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയുടെ കടിഞ്ഞാൺ ഇനി ആരുടെ കൈകളിലേക്ക് പോകുമെന്നതാണ് ഏറ്റവും വലിയ ചോദ്യം.

NCP ചീഫ് സ്ഥാനത്തേയ്ക്ക് ആദ്യം ഉയരുന്ന പേര് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെയെയുടേതാണ്. എന്നാൽ അജിത് പവാറും ഈ സ്ഥാനം മോഹിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിലവില്‍ ഈ രണ്ട് പേരുകളാണ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്.

വാർത്താ സമ്മേളനത്തിലാണ് ശരദ് പവാര്‍ എൻസിപി അദ്ധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി അറിയിച്ചത്. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള പ്രഖ്യാപനം സമ്മേളനത്തിൽ വലിയ ആരവം സൃഷ്ടിച്ചു. പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തിയ പവാര്‍ താൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്നും വ്യക്തമാക്കി. അതായത് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുകയാണ് എങ്കിലും പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു.

നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധ, കേന്ദ്ര കൃഷി മന്ത്രി എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരിക്കാൻ എൻസിപി, കോൺഗ്രസ്, പ്രത്യയശാസ്ത്രപരമായി ഭിന്നതയുള്ള ശിവസേന എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

എന്നാല്‍, ഇപ്പോള്‍ പവാറിന്‍റെ രാജി പ്രഖ്യാപനത്തോടെ എംവിഎയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ് ഉയർന്നിരിക്കുന്നത്. അടുത്തിടെയായി എം‌വി‌എ സഖ്യ കക്ഷികള്‍ തമ്മില്‍ അലോസരങ്ങള്‍ ഉടലെടുക്കുന്നതിനിടെയാണ് പവാറിന്‍റെ രാജി എന്നത് ശ്രദ്ധേയമാണ്.

RELATED ARTICLES

Most Popular

Recent Comments