മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ

0
45

കാട്ടാന ആക്രമണങ്ങൾ തുടരുന്നതിനിടെ മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ. നല്ലതണ്ണി എസ്റ്റേറ്റിനും കല്ലാർ എസ്റ്റേറ്റിനും ഇടയിലെ വഴിയിലാണ് വീണ്ടും കടുവയെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും കടുവയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷ യാത്രക്കാരൻ പറഞ്ഞു.

ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാർ എസ്റ്റേറ്റിന് സമീപമാണ് ആദ്യം കടുവയെ കണ്ടത്. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാർ എടുത്ത കടുവയുടെ ചിത്രം പുറത്തുവന്നിരുന്നു. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ തോട്ടം തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലെ നാട്ടുകാർ ഭീതിയിലാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളിൽ വളർത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. മേഖലയിൽ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു.