തൃശൂർ പൂരത്തിന് ഇന്ന് സമാപനം

0
75

തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെ എഴുന്നള്ളത്തുമുണ്ടാകും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം പ്രഖ്യാപിക്കും.

തൃശ്ശൂർ പൂരാവേശത്തിലാണ്. കണിമംഗലം ദേശത്തു നിന്നും ശാസ്താവിന്റെ എഴുന്നള്ളത്തോടെ ഇന്നലെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ ഏഴുമണിയോടെ ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തി. ഇതിനു പിന്നാലെ ഘടക പൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കി. വൈകിട്ടായിരുന്നു വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും.

പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നാൽ തിരുവമ്പാടി ഇക്കുറി ഒരു പടി മുന്നിൽ നിന്നു. മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആർത്തുവിളിച്ചു. ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ കുട.

മനം നിറച്ച തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. ആദ്യം തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. തിരുവമ്പാടിക്ക് ശേഷം പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു.