Monday
12 January 2026
27.8 C
Kerala
HomeWorldപാകിസ്ഥാനിൽ നവജാത ശിശുവിന് രണ്ട് ലിംഗം; മലദ്വാരമില്ല; 'ഡിഫാലിയ' എന്ന അവസ്ഥയെന്ന് ഡോക്ടർമാർ

പാകിസ്ഥാനിൽ നവജാത ശിശുവിന് രണ്ട് ലിംഗം; മലദ്വാരമില്ല; ‘ഡിഫാലിയ’ എന്ന അവസ്ഥയെന്ന് ഡോക്ടർമാർ

പാകിസ്ഥാനിൽ ആൺകുഞ്ഞ് ജനിച്ചത് രണ്ട് ലിംഗവുമായി. ഇന്റർനാഷണൽ ജേണൽ ഓഫ് സർജറിയിലാണ് അപൂർവ അവസ്ഥയിൽ പിറന്ന കുഞ്ഞിനെ കുറിച്ച് പറയുന്നത്. ജനിക്കുമ്പോൾ കുഞ്ഞിന് മലദ്വാരവുമുണ്ടായിരുന്നില്ലെന്നും ജേണലിൽ പറയുന്നു.

അത്യപൂർവമായ ഡിഫാലിയ എന്ന അവസ്ഥയുമായാണ് കുഞ്ഞ് ജനിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. അറുപത് ലക്ഷത്തിൽ ഒരു കുഞ്ഞ് മാത്രമാണ് ലോകത്ത് ഈ അവസ്ഥയിൽ ജനിക്കുന്നത്. ഇതുവരെ ആകെ നൂറ് കേസുകൾ മാത്രമാണ് ഡിഫാലിയയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് 1609 ലാണ്.

മലദ്വാരമില്ലാതെ ജനിക്കുന്നതിനാൽ കുഞ്ഞിന് മലവിസർജനം നടത്താൻ സാധിക്കില്ല. ഇതോടെ ഡോക്ടർമാർ കുഞ്ഞിന് കൃത്രിമമായി ദ്വാരം നൽകുകയായിരുന്നു. രണ്ട് ലിംഗത്തിൽ ഒന്നിന് മറ്റൊന്നിനേക്കാൾ 1 സെന്റീമീറ്റർ അധികം നീളമുണ്ടായിരുന്നു. ഒരു ലിംഗത്തിന് 1.5 സെന്റീമീറ്റർ നീളവും മറ്റൊന്ന് 2.5 സെന്റീമീറ്റർ നീളവുമാണുണ്ടായിരുന്നത്.

രണ്ട് മൂത്രാശയവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരൊറ്റ മൂത്രസഞ്ചിയാണുള്ളതെന്നും രണ്ട് ലിംഗങ്ങളിൽ നിന്നും മൂത്രമൊഴിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.

ഗർഭാശയത്തിൽ ജനനേന്ദ്രിയ അവയവങ്ങൾ വികസിക്കുമ്പോഴാണ് ഡിഫാലിയ ഉണ്ടാകുന്നത്. രണ്ട് ഫാലസുകളും പൂർണ്ണമായി വളരുമ്പോൾ അല്ലെങ്കിൽ യഥാക്രമം ചെറുതോ അല്ലെങ്കിൽ വികലമോ ആകുമ്പോൾ, പൂർണ്ണവും ഭാഗികവുമായ ഡിഫാലിയ ഉണ്ടാകുന്നു.

കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്തതായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മെഡിക്കൽ സ്റ്റാഫ് പറയുന്നു. കുട്ടിയുടെ കുടുംബത്തിൽ ഇതിനു മുമ്പ് ജനന വൈകല്യമുണ്ടായിരുന്നതായും അറിവില്ലെന്നും ഡോക്ടർമാർ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments