അരികൊമ്പന്റെ ആരോഗ്യനില തൃപ്തികരം, വനവകുപ്പ് നിരന്തരം നിരീക്ഷിക്കും; എ.കെ ശശീന്ദ്രൻ

0
79

തൃശൂർ പൂരത്തിന്റെ ആഘോഷത്തിനു മുൻപ് അരികൊമ്പനെ പിടിക്കാൻ ആയത് വലിയ നേട്ടമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അരികൊമ്പനെ പൂരത്തിന് മുൻപ് പിടിക്കാൻ സർക്കാർ തീരുമാനിച്ചു, പുരം എല്ലാവർക്കും സന്തോഷത്തോടെ ആഘോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

അരികൊമ്പനെ രാത്രി 11മണിയോടെ വൈദ്യ പരിശോധന നടത്തി. കാട്ടിൽ തുറന്നു വിടും മുൻപ് പരിശോധിച്ചു. ദേഹത്തു ചെറിയ പോറൽ ഉണ്ട്. ആന്റി ബയോട്ടിക് നൽകി. അരികൊമ്പന് ചികിത്സ നൽകി. ഇനി നിരന്തരം വനം വകുപ്പ് നിരീക്ഷിക്കും.

കോളർ ഐഡിയിലൂടെ ആനയുടെ അസ്വസ്ഥത ഉൾപ്പടെ നിരീക്ഷിക്കും. നിരീക്ഷണം 24 മണിക്കൂറും തുടരും. തത്സമയം ദൃശ്യങ്ങൾ വനം വകുപ്പ് നിരീക്ഷിക്കുമെന്ന് വനംമന്ത്രി വിശദീകരിച്ചു.

അതേസമയം ഇടുക്കിയിലെ ശാന്തൻപാറ ചിന്നക്കനാല് പഞ്ചായത്തുകളിൽ ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് തുറന്നു വിട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം എത്തിയത്. കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ.