വിദ്വേഷ പ്രസംഗങ്ങളില്‍ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് സുപ്രിംകോടതി

0
31

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വിദ്വേഷ പ്രസംഗം നടത്തുന്ന കേസുകളില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പൊലീസിന് നിര്‍ദേശം നല്‍കിയ 2022 ഒക്ടോബറിലെ ഉത്തരവാണ് നിലവില്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയിരിക്കുന്നത്.

ജസ്റ്റിസുമാരായ കെ എം ജോസഫിന്റെയും ബി വി നാഗരത്‌നയുടെയും ബെഞ്ച് ആണ് ഉത്തരവിട്ടത്. വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ വിദ്വേഷം പടര്‍ത്തുക, രാജ്യത്തെ ഐക്യം തകര്‍ക്കുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളില്‍ പരാതിക്ക് കാത്തുനില്‍ക്കാതെ തന്നെ ഇനിമുതല്‍ പൊലീസ് കേസെടുക്കണം.

ഏതെങ്കിലും ഒരു മതത്തെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് കേസെടുക്കുന്ന രീതി ഉണ്ടാകരുതെന്ന നിര്‍ദേശവും സുപ്രിംകോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇത്തരത്തില്‍ സ്വമേധയാ കേസെടുക്കാതിരുന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.