എല്ലാവർക്കും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

0
127

എല്ലാവർക്കും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായി ആർദ്രം മിഷനിലൂടെ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭിക്കുന്നതിനുവേണ്ടി അതിനൂതനമായ സംവിധാനങ്ങൾ ഒരുക്കി ആശുപത്രികളെ രോഗീസൗഹൃദവും ജനസൗഹൃദവുമാക്കുകയാണ്. പരമാവധി സേവനങ്ങൾ സൗജന്യമായും അല്ലെങ്കിൽ ഏറ്റവും മിതമായ നിരക്കിലും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനങ്ങൾ വളരെ വേഗത്തിൽ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, പീഡിയാട്രിക് ഐസിയു, ടെലി ചികിത്സയ്ക്കുള്ള ഓഡിയോ വിഷ്വൽ റൂം, കോഴിക്കോട് ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റർ തറക്കല്ലിടൽ, മാതൃശിശു വിഭാഗത്തിൽ ക്വാളിറ്റി അവാർഡ് (ഐ.എം.സി.എച്ച് ലക്ഷ്യ പ്ലാറ്റിനം അവാർഡ്, കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കായകൽപ്പ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം, 100 ബാച്ച് പൂർത്തിയാക്കിയ കോഴിക്കോട് സ്കിൽ ലാബ് ജീവനക്കാർക്കുള്ള ആദരം) എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എ റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.വി ഗോപി, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി ശ്രീകുമാർ എന്നിവർ സംസാരിച്ചു.