അഞ്ച് വർഷം കൊണ്ട് നൂറ് പാലം എന്ന ലക്ഷ്യം സർക്കാർ കൈവരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
122

അഞ്ച് വർഷം കൊണ്ട് നൂറ് പാലം എന്ന ലക്ഷ്യം സർക്കാർ കൈവരിക്കുമെന്ന് പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ടാം വർഷം തികയ്ക്കുമ്പോൾ 55 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് തുറന്നു കൊടുക്കാൻ സർക്കാരിന് സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മുഴാപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു.

ചാത്തമംഗലം മാവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ചൂലൂർ തോടിന് കുറുകെയാണ് പാലം നിർമ്മിച്ചത്. 1.40 കോടി രൂപക്ക് പ്രവൃത്തി പൂർത്തിയാക്കിയ പാലത്തിന് 12.5 മീറ്റർ സിങ്കിൾ സ്പാനോടു കൂടിയ 2.5 മീറ്റർ കാൻഡിലിവർ സഹിതം ആകെ 17.50 മീറ്റർ നീളവും 6.50 മീറ്റർ ക്യാരേജും ഒരു വശത്ത് 1.20 മീറ്റർ നടപ്പാത ഉൾപ്പെടെ 8.45 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന് കുന്ദമംഗലം ഭാഗത്ത് 100 മീറ്ററും മാവൂർ ഭാഗത്ത് 85 മീറ്ററും നീളത്തിൽ അനുബന്ധ റോഡ് ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്.

എക്സി എഞ്ചിനിയർ അജിത്ത് കുമാർ ബി റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി പി മാധവൻ, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ, മാവൂർ പഞ്ചായത്ത് പ്രസിഡൻറ് ടി രഞ്ജിത്ത്, ജില്ലാ -ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്- അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിനി എൻ വി നന്ദി പറഞ്ഞു.