Monday
22 December 2025
28.8 C
Kerala
HomeWorldഅനുയായികളോട് പട്ടിണി കിടക്കാൻ ആവശ്യപ്പെട്ട പാസ്റ്റർ അറസ്റ്റിൽ, 90 മൃതദേഹങ്ങൾ പുറത്തെടുത്തു

അനുയായികളോട് പട്ടിണി കിടക്കാൻ ആവശ്യപ്പെട്ട പാസ്റ്റർ അറസ്റ്റിൽ, 90 മൃതദേഹങ്ങൾ പുറത്തെടുത്തു

ലോകത്തെ ഞെട്ടിച്ച് കെനിയയിലെ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപം മൃതദേഹങ്ങളുടെ കൂട്ടം കണ്ടെത്തി. സ്വർഗത്തിൽ പോകുമെന്ന വിശ്വാസത്തിൽ പട്ടിണി കിടന്ന മരിക്കാൻ പ്രേരിപ്പിച്ച പാസ്റ്ററുടെ തൊണ്ണൂറോളം അനുയായികളാണ് മരിച്ചതെന്നാണ് കെനിയൻ പൊലീസ് നൽകുന്ന വിവരം.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ വിവാദ പ്രാസംഗികനായ പാസ്റ്റർ പോൾ മക്കെൻസിയാണ് ഇത്രയധികം പേരുടെ മരണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. യേശുവിനെ കാണാനും സ്വർഗത്തിൽ പോകാനും പട്ടിണി കിടക്കണമെന്ന് പാസ്റ്റർ തന്റെ അനുയായികളോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ച വിശ്വാസികളാണ് പട്ടിണി മൂലം കുഴിമാടങ്ങളിൽ മരിച്ചുവീണത്.

2003ലാണ് മക്കെൻസി മാലിന്ദിയിൽ ഒരു പള്ളി സ്ഥാപിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിക്കാൻ മക്കെൻസി കുട്ടികളോട് ആവശ്യപ്പെട്ടിരുന്നതും വിവാദം സൃഷ്ടിച്ചിരുന്നു. സ്വർഗത്തിൽ പോകണമെങ്കിൽ പട്ടിണി കിടക്കണം, ലൗകിക ജീവിതം ഉപേക്ഷിക്കണം എന്നതടക്കമുള്ള ഉപദേശങ്ങളാണ് മക്കെൻസി വിശ്വാസികൾക്ക് നൽകിയിരുന്നത്. തനിക്ക് പ്രവചന ശക്തിയുണ്ടെന്നും യേശുവിന്റെ നേരിട്ട് കണ്ടിട്ടുണ്ടെന്നും പലപ്പോഴും പറഞ്ഞിട്ടുള്ള മക്കെൻസി, തനിക്ക് ലഭിക്കുന്ന വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് പലതും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്നും പറഞ്ഞിരുന്നു. 2019ൽ മക്കെൻസി ഈ പള്ളി പൂട്ടി ഷക്കഹോലയിലേക്ക് പോകുകയും ചെയ്തു.

ജോലിയും വിദ്യാഭ്യാസവും ഉപേക്ഷിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത് നിർത്താനും അസുഖമുള്ളപ്പോൾ ആശുപത്രികളിൽ ചികിത്സ തേടാതിരിക്കാനും മക്കെൻസി തന്റെ അനുയായികളോട് നിർദേശിച്ചു. സ്വർഗത്തിൽ പോകണമെങ്കിൽ പുറത്ത് നിന്നുള്ള ആരുമായും ഇടപഴകരുതെന്നും ദേശീയ ഐഡികളും ജനന സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ സർക്കാർ നൽകിയ എല്ലാ രേഖകളും നശിപ്പിക്കണമെന്നും പാസ്റ്റർ അനുയായികളോട് നിരന്തരം പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദ്യം ഷക്കഹോലയിൽ നിന്ന് അവശനിലയിൽ 16 പേരെ കണ്ടെത്തിയത്. ഇവരിൽ നാല് പേർ ആശുപത്രിയിൽ എത്തുംമുൻപേ മരിച്ചിരുന്നു. തുടർ അന്വേഷണത്തിലാണ് നൂറിനടുത്ത് മൃതദേഹങ്ങൾ കുഴിമാടങ്ങളിൽ കണ്ടെത്തിയത്. മെക്കൻസിയുടെ അനുയായികളിൽ നിരവധി പേരെ ഇപ്പോഴും കാണാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം മെക്കൻസിയുടെ ഉപദേശം കേൾക്കാതെ സ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിച്ചവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങളിൽ പട്ടിണി കിടന്ന ശരീരം ശോഷിക്കാതെ ആരോഗ്യമുള്ളവരുടേതുമുണ്ടെന്നതാണ് ഈ റിപ്പോർട്ടുകളുടെ ആധാരം.

വിശ്വാസത്തിന്റെ മറവിൽ ആളുകളുടെ ജീവനെടുക്കാൻ പ്രേരിപ്പിക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് കെനിയൻ സർക്കാരും മതനേതാക്കളും പ്രകടിപ്പിക്കുന്നത്. മെക്കൻസിയുടേത് തീവ്രവാദ ആക്രമണത്തിന് തുല്യമായ സംഭവമാണെന്ന് സെൻട്രൽ കെനിയയിലെ നൈറി കാത്തലിക് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ആന്റണി മുഹേരിയ പറഞ്ഞു.

ഇക്കഴിഞ്ഞ മാർച്ചിൽ മക്കെൻസിയുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പട്ടിണി കിടത്തിയതിനെ തുടർന്ന് രണ്ട് കുട്ടികൾ മരിച്ച സംഭവത്തോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. മാർച്ച് 23ന് മക്കെൻസിയെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടുകയും ചെയ്തു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് 2019ലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. രണ്ട് കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ഏപ്രിൽ 14 ന് പൊലീസിൽ കീഴടങ്ങിയ മക്കെൻസി ഇതുവരെ പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു. തനിക്ക് നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ ഞെട്ടലുണ്ടായെന്നും 2019ൽ തന്നെ തന്റെ ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളി അടച്ചെന്നും ഇയാൾ പറയുന്നു. ‘ക്രിസ്തുവിനെ അനുഗമിക്കുക, പാസ്റ്റർ മക്കെൻസിയെ പിന്തുടരരുത്’ എന്നാണ് ഇയാളുടെ ഇപ്പോഴത്തെ വാദം. മാധ്യമങ്ങൾ തന്നെ തെറ്റിദ്ധരിക്കുകയാണെന്നും മക്കെൻസി വാദിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments