ചാന്ദ്ര പേടകത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസ്

0
73

യുഎഇയുടെ റാഷിദ് റോവറിനേയും വഹിച്ചുകൊണ്ടുള്ള ജാപ്പനീസ് പേടകത്തിന്റെ ലാന്‍ഡിങ് പരാജയം. ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഐ സ്‌പേസാണ് ലാന്‍ഡര്‍ നിര്‍മിച്ചിരുന്നത്.

ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് യുഎഇ തങ്ങളുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നിര്‍മിച്ചത്. പ്രാദേശിക സമയം 12.30 നാണ് ടച്ച് ഡൗണ്‍ പ്രതീക്ഷിച്ചതെന്നും വിജയകരമായ ലാന്‍ഡിംഗ് സ്ഥിരീകരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഐ സ്‌പേസ് സിഇഒ തകേഷി ഹകമാന്‍ഡ അല്‍പ സമയം മുന്‍പ് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

ലാന്‍ഡിംഗ് ചെയ്യാന്‍ ശ്രമിക്കുന്നതിന് തൊട്ടുമുന്‍പ് വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഐ സ്‌പേസ് അറിയിച്ചിട്ടുണ്ട്. ഹകുറ്റോ- R എന്ന ജാപ്പനീസ് ലാന്‍ഡറാണ് റാഷിദ് റോവറിനായി ഉപയോഗിച്ചിരുന്നത്. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററാണ് ആദ്യത്തെ അറബ് നിര്‍മിത ചാന്ദ്ര പേടകം നിര്‍മിച്ചത്.