എൻസിആർടി സിലബസ് പരിഷ്‌കരണത്തിൽ പ്രതിഷേധവുമായി ശാസ്ത്രജ്ഞരും അദ്ധ്യാപകരും

0
85

എൻസിആർടി ശാസ്ത്ര പുസ്തകത്തിലെ സിലബസ് പരിഷ്‌കരണത്തിൽ പ്രതിഷേധവുമായി ശാസ്ത്രജ്ഞരും അദ്ധ്യാപകരും. നേരത്തെ ചരിത്ര പുസ്തകത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഡാർവിൻ സിദ്ധാന്തമുൾപ്പെടെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞർ തുറന്ന കത്തെഴുതി.

എൻസിഇആർടി പത്താം ക്ലാസിനെ ഒൻപതാമത്തെ പാഠഭാഗത്തിന്റെ പേര് ഹെറിഡിറ്ററി ആൻഡ് എവല്യൂഷൻ(പാരമ്പര്യവും പരിണാമവും) എന്നായിരുന്നു. ഇതിൽ പരിണാമം പൂർണ്ണമായും ഒഴിവാക്കി ഹെറിഡിറ്ററി മാത്രമാക്കിയതിനെ തുടർന്നാണ് പ്രതിഷേധം. ബ്രെയ്ക്ക് ത്രൂ സയൻസ് സൊസൈറ്റി എന്ന ശാസ്ത്ര സമൂഹത്തിലെ അംഗങ്ങളായ ആയിരത്തിൽ അധികം ശാസ്ത്രജ്ഞരും അദ്ധ്യാപകരും ചേർന്നാണ് കത്തെഴുതിയത്.

ഡാർവിൻ സിദ്ധാന്തം പോലെ ശാസ്ത്രത്തിന്റെ പ്രധാന കണ്ടെത്തലുകൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയാണ് തുറന്ന കത്തിലൂടെ ശാസ്ത്രജ്ഞർ പറയുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് തുടങ്ങിയ ശ്രദ്ധേയമായ ശാസ്ത്ര സ്ഥാപനങ്ങളുടെ പ്രതിനിധികൾ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

പത്താം ക്ലാസിലെ സയൻസ് സിലബസിന്റെ അവിഭാജ്യ ഘടകമായിരുന്ന ജൈവ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിൽ രാജ്യത്തെ ശാസ്ത്ര സമൂഹം കടുത്ത നിരാശയിലാണ്. കൊറോണ മഹാമാരിക്കാലത്ത് സിലബസ് കുറയ്ക്കുന്നതിനുള്ള ഇടക്കാല നടപടിയെന്ന നിലയിലാണ് ഇത് ആദ്യം ഒഴിവാക്കിയത്. സുപ്രധാനമായ ശാസ്ത്രീയ ഉള്ളടക്കം ഇല്ലാതാക്കുന്നതിനെ മുൻകാല ചരിത്രകാരന്മാരും വിമർശിച്ചിരുന്നു.