ശാസ്ത്രത്തെയും പാഠപുസ്തകത്തില്‍ നിന്ന് ബിജെപി ഒഴിവാക്കുന്നതായി പ്രകാശ് കാരാട്ട്

0
57

ചരിത്രത്തെ മാത്രമല്ല ശാസ്ത്രത്തെയും പാഠപുസ്തകത്തില്‍ നിന്ന് ബിജെപി- ആര്എസ്എസ് നേതൃത്വം ഒഴിവാക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വൈക്കം സത്യാഗ്രഹത്തെ കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പിന്തുണച്ചെങ്കിലും പിന്നീട് സ്വാതന്ത്ര്യ സമരത്തെ മാത്രം പിന്തുണച്ചാല്‍ മതിയെന്ന നിലപാട് ദേശീയ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തി എന്നും കാരാട്ട് തിരുവനന്തപുരത്ത് വൈക്കം സത്യാഗ്രഹ സെമിനാറില്‍ കുറ്റപ്പെടുത്തി.

എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ബിജെപി-ആര്‍എസ്എസിനെയും കോണ്‍ഗ്രസിന്റെയും തെറ്റായ നയങ്ങളെ വിമര്‍ശിച്ചത്. ‘വൈക്കം സത്യാഗ്രഹത്തെ ആദ്യം കോണ്‍ഗ്രസ് പിന്തുണച്ചെങ്കിലും ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ മതി എന്ന തീരുമാനം ദേശീയ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തി. നിലവില്‍ ബിജെപി – ആര്‍എസ്എസ് നേതൃത്വം ആകട്ടെ ചരിത്രത്തെ മാത്രമല്ല ശാസ്ത്രത്തെയും പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ്’- അദ്ദേഹം വിമര്‍ശിച്ചു

അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രതിഫലിക്കുന്നതായിരുന്നു വൈക്കം സത്യാഗ്രഹം എന്ന് സെമിനാറിന്റെ അധ്യക്ഷനായ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സെമിനാറില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുനില്‍ പി ഇളയിടവും വിഷയം അവതരിപ്പിച്ചു. ടി.എം തോമസ് ഐസക് , വി കാര്‍ത്തികേയന്‍ നായര്‍ , ആര്‍ പാര്‍വതി ദേവി തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു.