റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ പീഡന പരാതിയിൽ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ജന്തർ മന്തറിൽ സമരം തുടരുന്ന ഗുസ്തി താരങ്ങൾ. പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. മേൽനോട്ടസമിതിയുടെ റിപ്പോർട്ടിലും ഡൽഹി പോലീസ് അന്വേഷണത്തിലും പ്രതീക്ഷയില്ലെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ ട്വന്റി ഫോറിനോട് പറഞ്ഞു.
രണ്ടാം ദിനവും ജന്തർ മന്തറിലെ തെരുവിൽ പ്രതിഷേധത്തിലാണ് ഗുസ്തി താരങ്ങൾ. ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച ഡൽഹി പൊലീസ്, കായിക മന്ത്രാലയം രൂപീകരിച്ച അന്വേഷണ സമിതിയിൽ നിന്ന് റിപ്പോർട്ട് തേടി. മേൽനോട്ട സമിതിയുടെ അന്വേഷണവും റിപ്പോർട്ടും സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. നീതി ലഭിക്കും വരെ രാപ്പകൽ സമരം തുടരും. പ്രായപൂർത്തിയാകത്ത കുട്ടിയടക്കം ഏഴുപേർ പരാതി നൽകി 60 മണിക്കൂർ കഴിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത ഡൽഹി പോലീസ് അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് ബജ്റംഗ് പുനിയ ട്വന്റി ഫോറിനോട് പറഞ്ഞു.
സമിതി രൂപീകരിച്ച ശേഷം അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും, ബ്രിജ് ഭൂഷൻ സിംഗിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിന് ശേഷം ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ലെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. അതേസമയം പോലീസ് നടപടിക്രമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് സമിതി അംഗം യോഗേശ്വർ ദത്ത് വ്യക്തമാക്കി. ഒരാളെ ശിക്ഷിക്കുകയും കുറ്റവിമുക്തനാക്കുകയും ചെയ്യേണ്ടത് കോടതിയാണെന്നും കൂട്ടിച്ചേർത്തു.