തിരുവനന്തപുരത്തു നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ നൽകും. ശിശുക്ഷേമ സമിതി നൽകിയ രേഖകളുടെ ഒറിജിനൽ പകർപ്പ് കൂടി ശേഖരിച്ച ശേഷമാകും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകുക.
തൈക്കാട് സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ വിൽപന നടത്തിയെന്ന് ശിശുക്ഷേമ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇത് സംബന്ധിച്ച പ്രാഥമികാന്വേഷണം പൊലീസ് നടത്തിയിട്ടുണ്ട്. അതേസമയം, കോടതി അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതി റിപ്പോർട്ട് കോടതിക്ക് നൽകാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്. കോടതി അനുമതി ലഭിച്ചാലുടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് ശ്രമം.
കുഞ്ഞിനെ വിറ്റത് മുൻധാരണ പ്രകാരമാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ടുവന്നിരുന്നു. കുഞ്ഞിൻറെ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിസ്ത തേടിയത് ഏഴാം മാസത്തിലാണ്.ചികിസ്ത തേടുന്ന സമയത്തു തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേൽവിലാസമാണ്. വില്പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത്.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് നാഥനില്ല.സൂപ്രണ്ടുമില്ല, ഡെപ്യൂട്ടി സൂപ്രണ്ടുമില്ല. മാർച്ച് ഒന്ന് മുതൽ സ്ഥിരം സൂപ്രണ്ടില്ല. നിലവിൽ മുതിർന്ന ഡോക്ടർക്കാണ് താത്കാലിക ചുമതല. പ്രതിദിനം ശരാശരി 700 പേർ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണിത്.
നവജാതശിശുവിനെ വിറ്റസംഭവത്തിൽ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. പൊഴിയൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾഎന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നൽകിയ മൊഴിപൊലീസ് പരിശോധിക്കുകയാണ്. ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് ഇവർ നൽകിയ മൊഴി. ആശുപത്രിയിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലായിരുന്നു സംഭവം. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നൽകിയെന്നാണ് വിവരം. ഈ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഏപ്രിൽ പത്തിനാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങിയത്.