ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്നതിനായി ‘ആക്രി ആപ്പ്’ റെഡി

0
78

കൊച്ചിയിൽ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്നതിനായി ആക്രി ആപ്പ് റെഡി. ആവശ്യക്കാർ ആപ്പിൽ ബുക്ക് ചെയ്താൽ പ്രതിനിധികൾ വീട്ടിലെത്തി മാലിന്യം ശേഖരിക്കും.

കൊച്ചിയിൽ താമസിക്കുന്നവർ മാലിന്യം കൃത്യമായി സംസ്‌കരിക്കാൻ സാധിക്കാതെ കുഴയുന്നവർക്ക് ഇതൊരു ആശ്വാസമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും ആക്രി ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ബുക്ക് ചെയ്ത ഉടൻ തന്നെ പ്രതിനിധികളെത്തി വീട്ടിലെ മാലിന്യം എടുത്തുകൊണ്ടു പോകുകയും കൃത്യമായി സംസ്‌കരിക്കുകയും ചെയ്യും.

കളമശേരി, തൃക്കാക്കര നഗരസഭകളിൽ നേരത്തെ വിജയകരമായി നടപ്പിലാക്കിയ പദ്ധതി അടുത്തിടെയാണ് കൊച്ചി കോർപ്പറേഷനിലേക്കും വ്യാപിപ്പിക്കുന്നത്. ഒരു കിലോ ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കുന്നതിനായി 45 രൂപയാണ് ചാർജ്. ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി സ്ട്രിപ്പുകൾ, ഡ്രസ്സിംഗ് കോട്ടൺ, സൂചികൾ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ എന്നിവയുൾപ്പെടെ ശാസ്ത്രിയ നിർമാർജനത്തിന് ഏറെ ഫലപ്രദമാണ് ആക്രി ആപ്പ്.

ശേഖരിക്കുന്ന മാലിന്യങ്ങൾ ദിവസവും കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത് ആക്രി ആപ്പിൻറെ പ്രവർത്തനം വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് ഉടമകൾ ലക്ഷ്യമിടുന്നത്.