പുനലൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

0
80

പുനലൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഒരു സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കല്ലടയാറിനോട് ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറമ്പോക്കിൽ താത്കാലികമായുള്ള ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുഴുവരിച്ച് തിരിച്ചറിയാനാകാത്ത വിധത്തില്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.

പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ ഈ മൃതദേഹങ്ങൾ ഷെഡില്‍ താമിച്ചിരുന്ന ഇന്ദിരയുടേയും സുഹൃത്തിന്റേയുമാകാമെന്നാണ്. കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ മരണം കൊലപാതകമാണോയെന്ന സംശയം പോലീസിനുണ്ട്. ഇവർ താമസിച്ചിരുന്നിടത്ത് മുറ്റത്ത് ചോര പാടുകളും ചോര പുരണ്ട കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ തുടര്‍ നടപടികളെടുക്കാനാകൂയെന്ന് പോലീസ് പറഞ്ഞു.