സഹോദരിക്കൊപ്പം ചേർന്ന് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

0
70

ന്യൂഡൽഹിയിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. സഹോദരിക്കൊപ്പം ചേർന്നാണ് റോഹിന നാസ് എന്ന 25കാരിയെ യുവാവ് കൊലപ്പെടുത്തിയത്. സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് ഒളിവിലാണ്. ഡൽഹി തെലിവാരയിലാണ് സംഭവം. ഈ മാസം 12ന് കരവൽ നഗറിലെ കൃഷ്ണ പബ്ലിക് സ്കൂളിനടുത്തുനിന്ന് ഒരു യുവതിയുടെ മൃതദേഹം ലഭിച്ചെന്ന് പൊലീസിന് വിവരം ലഭിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.

ഉത്തരാഖണ്ഡ് സ്വദേശിനിയാണ് മാഹി എന്നറിയപ്പെടുന്ന റോഹിന നാസ്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് പുരുഷന്മാർ ബൈക്കിനു നടുവിൽ ഒരു സ്ത്രീയെ ഇരുത്തി സംശയാസ്പദമായ രീതിയിൽ കറങ്ങിനടക്കുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽ പെട്ടു. ദൃശ്യങ്ങളിൽ ഒരാൾ ഒരു സ്ത്രീയുടെ മൃതദേഹം തോളിൽ ചുമന്നുനടക്കുന്നതും ഒരു സ്ത്രീ ഇയാളെ പിന്തുടരുന്നതും കാണാമായിരുന്നു.

പിന്നീട് മൃതദേഹം ചുമന്നുനടന്നയാളെയും പിന്തുടർന്ന സ്ത്രീയെയും തിരിച്ചറിഞ്ഞു. വിനീത് പവാർ, സഹോദരി പരുൾ ചൗധരി എന്നിവരെ തിരിചറിഞ്ഞ പൊലീസ് പരുളിനെ കാന്തി നഗറിൽ നിന്ന് പിടികൂടി.

4 വർഷം മുൻപ് റോഹിനയും വിനീതും ഒളിച്ചോടിയതാണ്. ശേഷം ഇവർ ഒരുമിച്ച് താമസിക്കുകയായിരുന്നു. 2017ൽ വിനീതും പിതാവ് വിനയ് പവാറും ഒരു കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും 2019 ഒക്ടോബർ 25ന് ഇരുവരെയും കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. വിനീത് ജയിലിലായിരുന്നപ്പോൾ പരുളിനൊപ്പമാണ് നാസ് കഴിഞ്ഞിരുന്നത്. 2022 നവംബർ 26ന് ജാമ്യം ലഭിച്ച് വിനീത് പുറത്തുവന്നപ്പോൾ നാസ് വിവാഹത്തിനു നിർബന്ധിച്ചു. എന്നാൽ, നാസ് മറ്റൊരു മതത്തിൽ പെട്ട കുട്ടി ആയിരുന്നതിനാൽ വിനീതിൻ്റെ വീട്ടുകാർ വിവാഹത്തിനു സമ്മതിച്ചില്ല. എന്നാൽ, നാസ് വിവാഹത്തിനു നിർബന്ധിച്ചുകൊണ്ടിരുന്നു. ഇതോടെ നാസിനെ വിറ്റുകളയാമെന്ന് വിനീതും സഹോദരിയും തീരുമാനിച്ചു. എന്നാൽ, ഈ പദ്ധതി വിജയിച്ചില്ല. തുടർന്ന് നാസിനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.

വിവാഹത്തെച്ചൊല്ലിയുള്ള ഒരു വഴക്കിനിടെ വിനീത് നാസിൻ്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം മറച്ചു. തുടർന്ന് തൻ്റെ ഒരു സുഹൃത്തിനെ വിനീത് വിളിച്ചുവരുത്തി. തുടർന്നാണ് ഇവർ ചേർന്ന് മൃതദേഹം 12 കിലോമീറ്റർ അകലെ ഉപേക്ഷിച്ചത്.