പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മീഷണർ

0
110

കേരളത്തിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മീഷണർ കെ സേതുരാമൻ. പ്രധാനമന്ത്രിക്ക് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്നും രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അതുപോലെ കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷണർ അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്ര വിവരങ്ങളുൾപ്പടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂർണ വിവരങ്ങളാണ് പുറത്തായത്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രം നൽകിയിരുന്ന ഈ വിവരം എങ്ങനെ ചോർന്നുവെന്ന കാര്യത്തിൽ ഇന്റലിജൻസ് എഡിജിപി ടികെ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫിനും മറ്റ് പരിപാടികൾക്കുമായി കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഊമക്കത്ത് ലഭിച്ചു. ഒരാഴ്ച മുൻപ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കിയിട്ടുള്ളത്. പിഎഫ്‌ഐ നിരോധനവുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി നേരിട്ടേക്കാമെന്നാണ് ഐബി റിപ്പോർട്ടിൽ പറയുന്നത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഏപ്രിൽ 24 ന് വൈകുന്നേരം 5 മണിയ്ക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. മധ്യപ്രദേശിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 5:30 ന് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോയ്ക്ക് ശേഷം 6 മണിയ്ക്ക് തേവര സേക്രഡ് ഹാർട്സ് കോളേജിൽ ബിജെപിയുടെ നേതൃത്വത്തിൽ യുവജന സംഘടനകൾ നടത്തുന്ന ‘യുവം’ കോൺക്ലേവിൽ പങ്കെടുക്കും. തുടർന്ന് 7:45 ന് പ്രധാനമന്ത്രി താജ് മലബാർ ഹോട്ടലിലേയ്ക്ക് മടങ്ങും.