Wednesday
31 December 2025
26.8 C
Kerala
HomeIndiaകവര്‍ച്ച തടയാന്‍ ശ്രമിക്കവെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു

കവര്‍ച്ച തടയാന്‍ ശ്രമിക്കവെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു

യുഎസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 24 കാരനായ വിദ്യാർത്ഥി കഴിഞ്ഞ വ്യാഴാഴ്ച പെട്രോൾ പമ്പിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി കൊളംബസ് ഡിവിഷൻ ഓഫ് പോലീസ് അറിയിച്ചു. ഒഹായോയിലെ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശിലെ ഏലൂരിൽ നിന്നുള്ള സയേഷ് വീര (24) യാണ് അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് മരിച്ചത്.

സയേഷ് വീര ജോലി ചെയ്യുകയായിരുന്ന പെട്രോൾ പമ്പിലെ ഒരു മോഷണ ശ്രമം തടയുന്നതിനിടെയാണ് സയേഷിന് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. പഠനത്തോടൊപ്പം കൊളംബസിലെ ഫ്രാങ്ക്ലിൻറണിലെ വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലെ പെട്രോൾ സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സയേഷ് വീര. ആയുധധാരിയായ അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെയാകാം യുവാവിന് വെടിയേറ്റതെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് വർഷം മുമ്പാണ് സായേഷ് യുഎസിലെ കാംബെൽസ്‌വില്ലെ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്.

ഈ വർഷം ഇത് രണ്ടാമത്തെ ഇന്ത്യൻ വിദ്യാർത്ഥിയാണ് യുഎസിൽ വെടിയേറ്റ് മരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ചിക്കാഗോയിലെ വാൾമാർട്ട് സ്റ്റോറിൽ ആയുധധാരികൾ കവർച്ച നടത്തുന്നതിനിടെ തടയാൻ ശ്രമിച്ച വിജയവാഡയിൽ നിന്നുള്ള 23 കാരനായ നന്ദപു ദേവാൻഷ് വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് രണ്ടാമത്തെ സംഭവമാണ്. സയേഷ് അവസാന സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു. എച്ച്1ബി വിസയുടെ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു സയേഷ്. ദിവസങ്ങൾക്ക് മുമ്പ് സയേഷിന് ക്യാമ്പസ് ഇൻറവ്യൂവിൽ ഒരു കമ്പനിയിൽ ജോലി ശരിയായിരുന്നു. ഒരു മാസത്തിനുള്ളിൽ നാട്ടിലേക്ക് വരാനും അതിന് ശേഷം ന്യൂയോർക്കിലെ കമ്പനിയിൽ ജോലിക്ക് പ്രവേശിക്കാനിരിക്കവെയാണ് സയേഷ് വെടിയേറ്റ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments