ഇന്ത്യയിൽ ഭീകരാക്രമണം നടത്തും; ഈദ് ദിന സന്ദേശത്തിൽ ഭീഷണിയുമായി അൽ ഖ്വയ്ദ

0
53

ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഈദ് ദിന സന്ദേശത്തിലാണ് ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്നത്. അൽ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിൽ ആണ്‌ ഭീഷണി. കൊല്ലപ്പെട്ട അതീഖിനെയും അഷ്‌റഫഫിനെയും രക്തസാക്ഷികൾ എന്നാണ് മാസികയിൽ വിശേഷിപ്പിക്കുന്നത്.

അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. സഹോദരങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഷാഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ വെടിയേറ്റ് മരിച്ച പ്രയാഗ്‌രാജിലെ എം.എൽ.എൻ മെഡിക്കൽ കോളജ് ഷാഗഞ്ച് സ്റ്റേഷന്റെ അധികാരപരിധിയിലാണ്.

ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ഏപ്രിൽ 16 ന് പ്രയാഗ്‌രാജിൽ വച്ച് മാധ്യമപ്രവർത്തകരെന്ന വ്യാജേന മൂന്ന് പേർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി എം.എൽ.എൻ മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കനത്ത പൊലീസ് സുരക്ഷയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

സണ്ണി സിംഗ് (23), ലവ്‌ലേഷ് തിവാരി (22), അരുൺ മൗര്യ (18) എന്നിവരാണ് കേസിലെ പ്രതികൾ. നിലവിൽ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ആതിഖിന്റെ ഭാര്യ ഷൈസ്ത പർവീനെയും ഉമേഷ് പാൽ വധക്കേസിലെ മറ്റ് പ്രതികളായ ഗുഡ്ഡു മുസ്ലീമിനെയും പിടികൂടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന ദിവസം തന്നെയാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തതും വെടിവെച്ചവരെ റിമാൻഡ് ചെയ്തതും.