രജിസ്റ്റർ വിവാഹങ്ങൾക്ക് മുപ്പത് ദിവസം മുമ്പ് നോട്ടീസ്, വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി

0
144

രജിസ്റ്റർ വിവാഹങ്ങൾക്ക് മുപ്പത് ദിവസം മുമ്പ് നോട്ടീസ് പതിച്ച് കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. പരസ്യ നോട്ടീസ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്വവർഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള വാദത്തിനിടെ ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പങ്കാളികൾക്കെതിരെ അക്രമത്തിന് ഇടയാക്കാവുന്ന പുരുഷാധിപത്യ വ്യവസ്ഥയാണിതെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശിച്ചു. പ്രത്യേക വിവാഹ നിയമപ്രകാരം സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുക നല്കുന്നതിനുള്ള വാദത്തിനിടെയാണ് മുൻകൂർ നോട്ടീസ് പതിക്കുന്ന വിഷയം ഉയർന്നു വന്നത്.

രജിസ്റ്റർ വിവാഹങ്ങൾക്ക് നിലവിൽ 30 ദിവസം മുമ്പ് പരസ്യ നോട്ടീസ് പതിച്ച് പങ്കാളികൾ കാത്തിരിക്കണമെന്ന് അഭിഭാഷകൻ മനു അഭിഷേക് സിംഗ് ചൂണ്ടിക്കാട്ടി. സ്വകാര്യത ഉൾപ്പടെയുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് അഭിഭാഷകൻ രാജു രാമചന്ദ്രനും പറഞ്ഞു. ഈ നിരീക്ഷണത്തോട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് യോജിക്കുകയായിരുന്നു. വിവാഹം വിളിച്ചറിയിക്കാനുള്ള ഈ വ്യവസ്ഥ പലപ്പോഴും അക്രമങ്ങൾക്ക് ഇടയാക്കുന്നു. പങ്കാളികളിൽ ഒരാൾ ദുർബല വിഭാഗങ്ങളിൽ നിന്നാണെങ്കിൽ കടുത്ത പീഡനമേല്ക്കാൻ ഇങ്ങനെ വിവരം വെളിപ്പെടുത്തുന്നത് ഇടയാക്കും.

പുരുഷാധിപത്യ മനോഭാവത്തിൽ നിന്നാണ് ഈ നോട്ടീസ് പതിക്കുന്ന വ്യവസ്ഥ വന്നതെന്ന് ജസ്റ്റിസ് ഹിമ കോലിയും നിലപാടെടുത്തു. പ്രത്യേക വിവാഹ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുന്ന കാര്യം ഭരണഘടന ബഞ്ച് പരിഗണിക്കും. സ്വവർഗ്ഗം പങ്കാളികൾക്കിടയിൽ ശാരീരികം മാത്രമല്ല വൈകാരിക ബന്ധവും സാധ്യമാണെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സ്വവർഗ്ഗ പങ്കാളികൾക്കും നീണ്ടു നില്ക്കുന്ന ദാമ്പത്യം സാധ്യമാണ്. പ്രത്യുത്പാദനം നടക്കില്ല എന്നത് ഇത്തരം വിവാഹങ്ങൾ അംഗീകരിക്കാതിരിക്കാൻ കാരണമാക്കുന്നത് ബാലിശമാണെന്ന് അഡ്വ കെ വി വിശ്വനാഥൻ വാദിച്ചു. അയോധ്യ കേസിൽ നടന്നതു പോലെ അടുത്തയാഴ്ച മറ്റെല്ലാം മാറ്റി തുടർച്ചയായി ഈ കേസിൽ മാത്രം വാദം തുടരാനാണ് ചീഫ് ജസ്റ്റിസിൻറെ തീരുമാനം.