സാരി ധരിച്ച് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി

0
113

സാരി ധരിച്ച് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റര്‍ മാരത്തണില്‍ സാരി ഉടുത്ത് ഓടിയത്.

നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് സാരി ഉടുത്തുകൊണ്ട് ജെന മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. സ്‌പോര്‍ട്‌സ് ജേഴ്‌സി ധരിച്ച ആളുകള്‍ക്കിടയില്‍, ജെനയുടെ പരമ്പരാഗത സംബല്‍പുരി കൈത്തറി സാരിയാണ് വൈറലായി മാറിയത്.

മാരത്തണില്‍ ഇന്ത്യയിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ജെനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി. ‘പട്ട’ സാരി ധരിച്ച ആളുകള്‍ യുഎസ് ഓപ്പണ്‍ കളിക്കുന്നതും തഷാര്‍ സില്‍ക്ക് സാരി ധരിച്ച് ട്രയാത്‌ലോണില്‍ മത്സരിക്കുന്നതും ഇനി കാണാമെന്ന തരത്തിലുള്ള രസകരമായ കമന്റുകളും ട്വിറ്ററില്‍ പ്രചരിക്കുന്ന വിഡിയോയ്‌ക്കൊപ്പമുണ്ട്.

മാഞ്ചസ്റ്റര്‍ മാരത്തോണ്‍ എന്ന ട്വിറ്റര്‍ ഐഡിയില്‍ ജെന സാരി ഉടുത്തുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സാരി ഉടുത്തുകൊണ്ട് ഒരു മാരത്തോണില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് വൈറലായതിന് പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജെന പറഞ്ഞു. സാരി ധരിച്ചുകൊണ്ടുള്ള ഓട്ടം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ 4.50 മണിക്കൂര്‍ കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ജെന പ്രതികരിച്ചു.

സാരി ഉടുക്കാനുള്ള തീരുമാനം മുത്തശ്ശിയില്‍ നിന്നും അമ്മയില്‍ നിന്നും പ്രോചദനം ഉള്‍ക്കൊണ്ടാണെന്നും ജെന പ്രതികരിച്ചു. സ്ത്രീകള്‍ക്ക് സാരി ഉടുത്ത് ഓടാന്‍ കഴിയില്ലെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് തെറ്റാണെന്ന് താന്‍ തെളിയിച്ചു. യുകെയില്‍ പലപ്പോഴും താന്‍ സാരി തന്നെയാണ് ധരിക്കാറുള്ളതെന്നും ജെന കൂട്ടിച്ചേര്‍ത്തു.