സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷം, സുരക്ഷിതമാര്‍ഗം ലഭ്യമായാലേ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകൂ

0
33

സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു. കലാപത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറ് കടന്നു. സുഡാനിലെ സ്ഥിതി സുരക്ഷിതമല്ലെന്നും നയതന്ത്രശ്രമങ്ങളിലൂടെ സുരക്ഷിതമാര്‍ഗം ലഭ്യമായാലേ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകൂ എന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ യുഎന്‍ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക്് ശേഷമായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം. അമേരിക്ക, സൗദി, ഈജിപ്റ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. വെടിനിര്‍ത്തലിനും സമാധാനത്തിനുമായി യു.എന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും ജയ്ശങ്കര്‍ വിശദീകരിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുഡാന്‍ കലുഷിതമാണ്. ആഭ്യന്തര കലാപത്തില്‍ ഇതുവരെ 300 ഓളം പേരാണ് കൊല്ലപ്പെട്ടത്. രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്ഥാനമായ ഖര്‍ത്തൂമിലെ എഴുപത് ശതമാനത്തോളം ആശുപത്രികള്‍ അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. സ്‌കൂളുകളിലും ഓഫിസുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2021 ഒക്ടോബറിലെ അട്ടിമറിക്ക് പിന്നാലെ സുഡാനിലെ ഭരണം നിയന്ത്രിക്കുന്നത് സൈനിക ജനറല്‍മാരുടെ കൗണ്‍സിലാണ്. ഇതില്‍ പ്രധാനപ്പെട്ട രണ്ട് ജനറല്‍മാരുടെ അഭിപ്രായ വ്യത്യാസമാണ് സുഡാനിലെ നിലനിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. സൈന്യത്തലവനും നിലവില്‍ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ജനറല്‍ അബ്ദല്‍ ഫത്താ അല്‍ ബുര്‍ഹാനും ആര്‍എഫ്എഫിന്റെ തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിലാണ് പ്രശ്നങ്ങള്‍. ഒരു ലക്ഷത്തോളം വരുന്ന ആര്‍എസ്എഫ് ഭടന്മാരെ സൈന്യത്തിലേക്ക് ചേര്‍ക്കാനുള്ള പദ്ധതിയെച്ചൊലിയാണ് കലാപം.