പട്ടിക വർഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കും : മന്ത്രി കെ. രാധാകൃഷ്ണൻ

0
67

മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലൂടെയെ പട്ടിക വർഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാൻ കഴിയൂ എന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. പട്ടിക വർഗ വിദ്യാർത്ഥികൾക്കായി എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന നിയമ പ്രവേശന പരീക്ഷ (ആദ്യ ഘട്ടം) ക്രാഷ് കോഴ്‌സ് ‘നിയമകിരണം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ തരം ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനെക്കാൾ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് കൂടുതൽ ഫലപ്രദം. അതുകൊണ്ട് തന്നെ പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് സർക്കാർ മുഖ്യ പരിഗണന കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നുവാൽസ് , കുസാറ്റ് സർവകലാശാലകളുടെ സഹകരണത്തോടെയാണ് പട്ടിക വർഗ വിദ്യാർത്ഥികൾക്ക് നിയമ എൻട്രൻസ്‌ പരിശീലനം നൽകുന്നത്.

കറുകടം പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സംഘടിപ്പിച്ച പരിപാടിയിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിയുമായ എൻ. രഞ്ജിത്ത് കൃഷ്ണൻ, മുൻസിഫ് മജിസ്‌ട്രേറ്റും കോതമംഗലം താലൂക്ക് ലീഗൽ സർവീസ്‌ കമ്മിറ്റി ചെയർപേഴ്‌സണുമായ ജെ. ശ്രീജ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ, കുസാറ്റ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ് .അപർണ്ണ ലക്ഷ്മണൻ, നുവാൽസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അപർണ്ണ ശ്രീകുമാർ, ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർ പി. രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.