പേടിക്കാതെ പരീക്ഷയെ നേരിടാം; സഹായത്തിന് ‘വി ഹെൽപ്പ്, ഹൗ ആർ യു’ ടോൾ ഫ്രീ നമ്പറുകള്‍

0
265

വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി പരിപാടികള്‍ ആവിഷ്ക്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.  ഹയർ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹയർസെക്കണ്ടറി വിഭാഗം വി ഹെൽപ്പ് എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം 2023 മാർച്ച് 3 മുതൽ ആരംഭിച്ചു.

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 18004252844 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർസെക്കണ്ടറി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഹൗ ആർ യു

പരീക്ഷാ കാല ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനും വി.എച്ച്.എസ്.സി. വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ഹെൽപ്പ് ലൈൻ മാർച്ച് 8 മുതൽ ആരംഭിക്കുന്നുണ്ട്. 0 4 712320 3 2 3 എന്ന നമ്പറിൽ വിദ്യാർത്ഥികൾക്കും
രക്ഷിതാക്കൾക്കും വിളിക്കാവുന്നതാണ്. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലി കൗൺസലിംഗ് നടത്തുന്നു. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 മണി വരെ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാവുന്നതാണ്.

പ്രത്യേക പരിപാടി

പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പിന്തുണ നൽകാൻ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദഗ്ധർ, തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.