തിരുവനന്തപുരം മൃഗശാലയിൽ ഒരു വർഷ കാലയളവിൽ (2022 ജനുവരി മുതൽ നാളിതുവരെ) 64 മൃഗങ്ങളാണ് (കൃഷ്ണമൃഗം – 39, പുള്ളിമാൻ-25) ക്ഷയരോഗ ബാധയാൽ മരണപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. മൃഗങ്ങൾ മരണപ്പെട്ടപ്പോൾ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ പരിശോധിച്ചതിൽ നിന്നാണ് ക്ഷയ രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. ക്ഷയരോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് എന്ന സ്ഥാപനത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതിൻ പ്രകാരം സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും മറ്റു ശിപാർശകളും സർക്കാർ പരിശോധിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.
മൃഗശാലയിൽ ക്ഷയരോഗ ബാധ വന്നതിനെ തുടർന്ന് രോഗബാധയുണ്ടായ കൂടുകളിലെ മാലിന്യങ്ങൾ മറ്റു കൂടുകളിലേക്ക് പോകുന്നത് തടയുന്നതിനായി പ്രത്യേക ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മൃഗശാലയിലെ എല്ലാ കൂടുകളും ദിവസേന അണുനശീകരണം നടത്തി വരുന്നു. മൃഗങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ബാക്ടീരിയൽ ഇൻഫെക്ഷൻ തടയുന്നതിനുമായി മരുന്നുകൾ നൽകിവരുന്നു. ജീവനക്കാർക്ക് മാസ്ക്, ഗ്ലൗസ്സ്, ഗംബൂട്ട് എന്നിവ വിതരണം ചെയ്യുകയും അവ ധരിച്ച് മാത്രം ജോലി നിർവ്വഹിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും, ജില്ലാ ക്ഷയരോഗ നിവാരണ കേന്ദ്രം മുഖേന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും ആയതിന് അനുബന്ധമായി നടന്ന ടി.ബി. സ്ക്രീനിംഗ് പരിശോധനയിൽ ജീവനക്കാരിൽ ആർക്കും തന്നെ ക്ഷയരോഗം ബാധിച്ചിട്ടില്ലായെന്ന് കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്.
തുടർന്ന് ക്ഷയരോഗ നിർണയത്തിനും മറ്റ് പൊതുവായ അസുഖങ്ങളുടെ നിർണ്ണയത്തിനുമായി 08.02.2023-ന് രണ്ടാമത്തെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡീസിസിന്റെ നേതൃത്വത്തിൽ ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അസുഖ ബാധിതരായ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന പരിബന്ധനത്തിൽ കരുതൽ നടപടിയായി ഫുട്ട് ഡിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത പരിബന്ധനങ്ങളിൽ പോകുന്ന ജീവനക്കാരെ മറ്റ് മൃഗങ്ങളെ പരിപാലിക്കാൻ നിയോഗിക്കുന്നില്ല.
മൃഗശാലയിലെ മൃഗങ്ങളുമായി അടുത്ത് പെരുമാറാനുള്ള സാഹചര്യം സന്ദർശകർക്കില്ല. ടി സാഹചര്യം ഒഴിവാക്കുന്നതിനുള്ള സ്റ്റാൻഡ് ഓഫ് ബാരിയർ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. ഒപ്പം മൃഗശാലാ സന്ദർശകർക്ക് മുഖാവരണം നിർബന്ധമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗബാധയെ തുടർന്ന് സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡീസിസിന്റെ വിദഗ്ദ്ധ സംഘവുമായി 20.02.2023-ന് യോഗം ചേരുകയും നിലവിൽ സ്വീകരിച്ച പ്രതിരോധ നടപടികൾ തുടരാൻ തീരുമാനിക്കുകയുമുണ്ടായി. ഇപ്പോൾ മരണനിരക്ക് വളരെ കുറഞ്ഞിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് – മന്ത്രി പറഞ്ഞു.