റോഡിലെ കേബിൾ ചുറ്റി അപകടം: ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി ; മന്ത്രി ആന്റണി രാജു

0
93

കൊച്ചിയില്‍ റോഡില്‍ താഴ്ന്ന്കിടക്കുന്ന കേബിളില്‍ കുരുങ്ങി 21.02.2023-ല്‍ ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുവാന്‍ റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഐ.പി.എസ് എറണാകുളം ജില്ലാ കളക്ടറോടും, എറണാകുളം സിറ്റി പോലീസ് കമ്മീഷണറോടും നിയമ നടപടി ആരംഭിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി.

റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്ന്കിടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് 14.02.2023-ല്‍ എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുന്നറിയീപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ റോഡുകളില്‍ കിടക്കുന്ന കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്ന്കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.

പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സേഫ്ടി അതോറിറ്റി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടിവരും.