നിർമലാ സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞത് തെറ്റ് ; ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശ്ശിക സംബന്ധിച്ച കണക്കുകൾ കേരളം നൽകിയെന്ന് സിഎജി റിപ്പോർട്ട്

0
271

ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശ്ശിക സംബന്ധിച്ച കണക്കുകൾ കേരളം നൽകിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. നേരത്തെ കേരളം കണക്ക് ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞിരുന്നു. കേന്ദ്ര ധനകാര്യമന്ത്രിയുടെ വാദം വസ്‌തുതാവിരുദ്ധമാണെന്നാണ് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2017-18ലെ കണക്ക് നൽകിയ 19 സംസ്ഥനങ്ങളുടെ പട്ടികയിൽ കേരളവുമുണ്ട്. നികുതികൾ സംബന്ധിച്ച 2021-ലെ ഒന്നാം റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. നിർമല സീതാരാമന്റെ മറുപടി ഉയർത്തിക്കാണിച്ച് സംസ്ഥാന സർക്കാരിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ ഈ വിഷയത്തിൽ സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഉന്നയിച്ച വാദങ്ങൾ വസ്‌തുതാപരമാണെന്നാണ് കൂടിയാണ് തെളിഞ്ഞിരിക്കുന്നത്.

രാഷ്‌ട്രീയ താൽപര്യത്തോടെ എൻ കെ പ്രേമചന്ദ്രൻ ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യം തന്നെ വസ്‌തുതാവിരുദ്ധമാണെന്ന നിലപാടായിരുന്നു കേരള ധനകാര്യമന്ത്രി സ്വീകരിച്ചത്. നിർമല സീതാരാമന്റെ ലോക്‌സഭയിലെ മറുപടിയിലെ പൊള്ളത്തരങ്ങൾ ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് കെ എൻ ബാലഗോപാൽ തുറന്ന് കാണിച്ചത്. കേരളം ഉയർത്തുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ വിശദമായി സൂചിപ്പിക്കുന്നതായിരുന്നു കെ എൻ ബാലഗോപാലിന്റെ കുറിപ്പ്. സംസ്ഥാനം കൃത്യമായി കണക്കുകൾ നൽകിയെന്നും സംസ്ഥാന ധനമന്ത്രി വ്യക്തമാക്കിയിരുന്നു.