കുവൈറ്റിൻറെ രാജ്യസുരക്ഷാ ചുമതലയുളള കുവൈറ്റ് നാഷണൽ ഗാർഡിലേക്കുള്ള (പുരുഷ ഉദ്യോഗാർഥികൾക്ക്) റിക്രൂട്ട്മെന്റ് ഫെബ്രുവരി 6 മുതൽ 10 വരെ എറണാകുളത്ത് നടക്കും നോർക്ക റൂട്ട്സ് അറിയിച്ചു. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫേഴ്‌സ്, ഫാർമസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ എന്നിവർക്ക് 45 വയസ്സ്. മറ്റ് തസ്തികകൾക്ക് 35. റിട്ടയർമെന്റ് പ്രായം ഡോക്ടർമാർക്ക് 75 വയസ്സും മറ്റ് തസ്തികകൾക്ക് 60 വയസ്സും, ജനറൽ പ്രാക്റ്റീഷണർ, ഇൻറേർണൽ മെഡിസിൻ, ജനറൽ സർജറി, യൂറോളജിസ്റ്റ് സർജറി, കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എൻ.ടി, ഡർമ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റസ്പിറോളജിസ്റ്റ്, അലർജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒപ്താൽമോളജിസ്റ്റ്, ഓർത്തോപീഡിക്‌സ്, എമർജൻസി മെഡിസിൻ, നെഫ്രോളജിസ്റ്റ്, ഇൻഫെക്ഷ്യസ് ഡിസീസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ ഒഴിവുകൾ.
ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.ഒഴിവുകൾ പുരുഷ ഉദ്യോഗാർഥികൾക്ക് മാത്രമായിരിക്കും. താത്പര്യമുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് നോർക്ക റൂട്‌സിന്റെ വെബ്‌സൈറ്റിൽ (www.norkaroots.org) നൽകിയിരിക്കുന്ന ലിങ്ക് മുഖേന 2023 ഫെബ്രുവരി 4 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 18004253939 (ഇന്ത്യയിൽ നിന്നും) +91- 8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.