കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 286 പോയിന്റ് നേട്ടത്തോടെ 59,836.28ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയും വ്യാപാരം ആരംഭിച്ചു. 1593 ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോൾ 382 എണ്ണം തകർച്ച രേഖപ്പെടുത്തി. 110 ഓഹരികൾക്ക് മാറ്റമില്ല. എഫ്.പി.ഒക്ക് പിന്നാലെയുള്ള ആദ്യ വ്യാപാരദിനത്തില അദാനി എന്റർപ്രൈസിന് നഷ്ടം നേരിട്ടു.
അദാനി പോർട്സ് ആൻഡ് സെസ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, എന്നിവയും നഷ്ടത്തിലാണ്. അദാനി ഗ്രീൻ എനർജിയും വിൽമറും നേരിയ നേട്ടം രേഖപ്പെടുത്തി. അര ഡസനോളം സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നരേന്ദ്ര മോദി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്.
അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ മധ്യവർഗത്തെ ലക്ഷ്യംവെക്കുന്നതാവും ബജറ്റെന്ന് വിലയിരുത്തലുകളുണ്ട്. തൊഴിൽ വർധിപ്പിക്കാനായി പ്രത്യേക പദ്ധതി ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ആരോഗ്യമേഖലയുടെ വലിയ വികസനവും ബജറ്റ് ലക്ഷ്യംവെക്കും. ധനകമ്മി പ്രതിസന്ധിയായി മുന്നിലുണ്ടെങ്കിലും ചില നികുതി ഇളവുകൾക്ക് ധനമന്ത്രി മുതിർന്നേക്കാം.