അദാനി ഗ്രൂപ്പ് ഓഹരികൾക്ക് 20% ഇടിവ്; ഓഹരികൾ കൂപ്പുകുത്തിയത് വില പെരുപ്പിച്ചുകാട്ടി വിപണിയെ കബളിപ്പിച്ചെന്ന റിപ്പോർട്ടുകൾക്ക് പിറകെ

0
125

അദാനി ഗ്രൂപ്പ് ഓഹരികൾക്ക് മാർക്കറ്റിൽ വൻ തകർച്ച. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികൾക്കുണ്ടായത്. അദാനി ഗ്രൂപ്പിൻറെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടി വിപണിയെ കബളിപ്പിച്ചെന്ന് റിപ്പോർട്ടുകൾ വന്നതിന് പിറകെയാണ് ഓഹരികൾ കൂപ്പുകുത്തിയത്. യഥാർത്ഥ മൂല്യത്തിന്റെ 85 ശതമാനം വരെ ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്നാണ് ആക്ഷേപം.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്നലെ അഞ്ച് ശതമാനത്തോളം ഇടിവ് നേരിട്ട അദാനി ഓഹരികൾ ഇന്ന് കൂപ്പുകുത്തുകയായിരുന്നു. ബുധനാഴ്ച റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയതോടെ ഹിൻഡൻബർഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന അറിയിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. എല്ലാ അദാനി കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഇടിവ് മുംബൈ, ദേശീയ ഓഹരി സൂചികകളിലും പ്രതിഫലിച്ചു.

യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് രണ്ട് വർഷം കൊണ്ട് നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയാകുന്നത്. കമ്പനിയുടെ അക്കൗണ്ടിങ്ങിലും ഭരണ സംവിധാനത്തിലും വലിയ ക്രമക്കേടുകളുണ്ടെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. വിപണിയിൽ വലിയ കൃത്രിമം നടത്തുന്ന അദാനി ഗ്രൂപ്പിന്റെ ഏഴ് കമ്പനികളുടെ ഓഹരിവില ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ട് പറയുന്നു.

ഒരുകൂട്ടം കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് അദാനിയുടെ തട്ടിപ്പെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗണ്യമായ തോതിൽ കടംവാങ്ങിക്കൂട്ടുന്നതും സംശയദൃഷ്ടിയോടെയാണ് ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടുന്നത്. അദാനി ഗ്രൂപ്പിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചും വിവിധ രാജ്യങ്ങളിലെ രേഖകൾ പരിശോധിച്ചുമാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

എന്നാൽ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ജനുവരി 27ന് നടത്താനിരുന്ന ഓഹരി പൊതുവിൽപന അട്ടിമറിക്കാനാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നും അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.അദാനി അടുത്തിടെ വാങ്ങിയ എസിസി, അംബുജ സിമന്റ്‌സ് ഓഹരികളും തകർന്നു. ബ്ലൂംബർഗ് ശതകോടീശ്വര പട്ടികയിൽ രണ്ടാമതായിരുന്ന ഗൗതം അദാനി നാലാം സ്ഥാനത്തേക്ക് വീണിരുന്നു. പതിനയ്യായിരം കോടി ഡോളർ ആസ്തി പന്ത്രണ്ടായിരമായി കുറഞ്ഞിരുന്നു.