ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും, അനധികൃത പാർക്കിംഗും പണപ്പിരിവും അനുവദിക്കില്ല; ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു

0
87

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ശേഷിക്കുന്ന പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയോടെ മാത്രമായിരിക്കണം. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പോലീസിന്റെ പരിശോധനയുണ്ടാകും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാൻ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താൽക്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം, ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. ‘ആറ്റുകാൽ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നതും ഉത്സവത്തിന്റെ പേരിലുള്ള അനധികൃത പണപ്പിരിവും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പൊങ്കാലയ്‌ക്കെത്തുന്നവർക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല. വിവിധ ഭാഗങ്ങളിൽ നിന്നും നഗരത്തിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പോലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അനധികൃതമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പ്രത്യേക സംഘം പരിശോധന നടത്തി നീക്കം ചെയ്യും. ഭക്തരുടെ സുരക്ഷയ്ക്കായി, പോലീസിന്റെ നിലവിലുള്ള സുരക്ഷാ ക്യാമറകൾക്ക് പുറമെ നിരവധി പുതിയ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വിൽപനയും തടയാൻ കർശനമായ പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങൾ തടയുന്നതിനും ഭക്തരുടെ സുരക്ഷയ്ക്കും പോലീസ് പ്രത്യേകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും.

ഉത്സവപ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും അടിയന്തരമായ നടപടിയുണ്ടാകും. നഗരത്തിലെ തെരുവുവിളക്കുകളെല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. ആവശ്യമായ സ്ഥലങ്ങളിൽ സ്വിവറേജ് ശുചീകരണവും നടത്തും. ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തും. ഭക്തർ കൂടുതലായി എത്തുന്ന പ്രദേശങ്ങളിലേക്ക് പ്രത്യേക സർവീസുകളുമുണ്ടാകും.