​മോദി ഭരണകാലം ഇരുണ്ട ദിനങ്ങളെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

0
127

‘ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നത്?’ ഈ നിഷ്കളങ്ക ചോദ്യം ചോദിക്കുന്നത് മറ്റാരുമല്ല, കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ്. ചോദ്യം നിഷ്കളങ്കമാണെങ്കിലും അതിലൂടെ വെളിവാകുന്നൊരു സത്യമുണ്ട്. അത് രണ്ട് പതിറ്റാണ്ട് മുമ്പ് ​ഗുജറാത്ത് ജനത അനുഭവിച്ച വംശഹത്യയുടെ സാക്ഷ്യം പറച്ചിലാണ്. വി മുരളീധരൻ അറിയാതെ പറഞ്ഞതാണെങ്കിലും ​ഗുജറാത്ത് കലാപം ഒരു നാടിനെ, ഒരു ജനതയെ എത്രമാത്രം വേട്ടയാടി എന്നതിന്റെ മറക്കാനും മറയ്ക്കാനുമാകാത്ത വസ്തുതയാണ് അത്. ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നതിലൂടെ എന്ന മുരളീധരന്റെ പ്രസ്താവന മോദി ഭരണ കാലത്ത് ​ഗുജറാത്ത് ഇരുണ്ട കാലത്തിലായിരുന്നു എന്നും വംശഹത്യ ആ ഭരണ കൂടത്തിന്റെ ഉൽപനമായിരുന്നു എന്നും അടിവരയിടുന്നതാണ്. കലാപത്തിൽ മോദിയുടെ പങ്കിനെ തുറന്ന് കാട്ടുന്ന ബിബിസി ഡോക്യുമെന്ററിയാണ് വിലക്കുകൾ പ്രഖ്യാപിച്ച് മൂടി വയ്ക്കാൻ ശ്രമിക്കുന്നത്. അത് വിലപ്പോവില്ല എന്നതാണ് രാജ്യം ഇപ്പോൾ നൽകുന്ന ഉത്തരം. അതിന്റെ അലയൊലികളാണ് സർവ്വകലാശാലകളിലും പൊതു ഇടങ്ങളിലും നാം കാണുന്നത്.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെൻറി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി മുരളീധരൻ നടത്തിയ പ്രസ്താവനയിലാണ് മറച്ചു വെക്കാനാകാത്ത വസ്തുത അദ്ദേഹത്തിന്റെ നാവിൽ കൂടി തന്നെ പുറത്തു വന്നത്.

രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ വളർത്തുമെന്നാണ് മുരളീധരന്റെ മറ്റൊരു വ്യസനം. അത് ആരുടെ അച്ചിൽ വാർത്തെടുത്ത സംഭവമായിരുന്നു എന്ന് എത്ര ദശകങ്ങൾ പിന്നിട്ടാലും ഇന്ത്യൻ ജനത മറക്കില്ല. യഥാർത്ഥത്തിൽ ഡോക്യുമെന്ററിയിൽ ഉള്ള വസ്തുതകൾ പോലെ തന്നെ
ഇന്ത്യൻ ജനതയുടെ മനസിലും കലാപത്തിന്റെ കനലുകൾ കെടാതെ കിടപ്പുണ്ട്. മുരളീധരൻ ഇരുണ്ട കാലമെന്ന് പറഞ്ഞ് മുതലക്കണ്ണീർ പൊഴിക്കുമ്പോൾ സുവർണ്ണ കാലത്തിനായി നിങ്ങൾ വിതച്ച വിഷ വിത്തുകൾ ഏറെ കാലം നിങ്ങൾക്ക് കൊയ്യാനാകില്ല.

India: The Modi Question എന്ന ഡോക്യുമെന്ററി ഇതിനോടകം രാജ്യത്തെ പലസ്ഥലങ്ങളിലും പ്രദർശിപ്പിക്കുകയാണ്. യുവജന – വിദ്യാർത്ഥി സംഘടനകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രദർശനം. തീവ്ര വലതുപക്ഷ സംഘടനകളുടെ എതിർപ്പിനെ അവ​ഗണിച്ചാണ് കേരളത്തിലടക്കം പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.