ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുക അനിവാര്യം: മന്ത്രി ജി.ആര്‍ അനില്‍

0
99

ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പൗരന്റെ അവകാശങ്ങള്‍, ചുമതല എന്നിവയെക്കുറിച്ചും കുട്ടികള്‍ക്ക് അറിവ് പകരുക അനിവാര്യമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. ഭരണഘടന എന്നത് ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന പ്രമാണമാണെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭരണഘടന സാക്ഷരത ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയെ ഒരു യഥാര്‍ത്ഥ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ട ഓര്‍മ്മപ്പെടുത്തലാണ് ഭരണഘടനാ സാക്ഷരതയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭരണഘടനാപരമായ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ലിറ്ററസി, കേരള ലോ അക്കാദമി, ലോ കോളേജ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭരണഘടന, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ലോ അക്കാദമിയിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍പെഴ്സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍-കോളേജ് അധ്യാപകര്‍ തുടങ്ങിയവരും സംബന്ധിച്ചു.