കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാനൊരുങ്ങി സർക്കാർ; കമ്മീഷൻ റിപ്പോർട്ട് പരിശോധനയ്ക്ക് ശേഷം പുറത്ത് വിടും

0
53

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ ഇടപെടൽ നടത്തിയിരിക്കുകയാണ് സർക്കാർ. പ്രശ്നങ്ങൾ പഠിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ അധ്യക്ഷനായ കമ്മീഷനെ നിയോ​ഗിക്കുകയും കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ഇത് പരിശോധിച്ച് കമ്മീഷൻ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കും. ക​മ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള വിവരങ്ങൾ സർക്കാർ പരിശോധനയ്ക്ക് ശേഷം പിന്നീട് പുറത്തു വിടുകയും ചെയ്യും.

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങളോട് സർക്കാരിന് അനുഭാവപൂർണമായ സമീപനമാണ് ഉള്ളത്. കെ ആർ നാരായണന്റെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഉന്നത നിലവാരത്തിൽ പ്രവർത്തിക്കണം എന്ന് തന്നെ സർക്കാർ ലക്ഷ്യം. ഇന്ന് ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡയറക്ടർ മോഹൻ ശങ്കർ രാജി വെച്ചിട്ടുണ്ട്. ആ പ്രശ്നം അതോടുകൂടി അവസാനിച്ചിരിക്കുകയാണ്.

പുതിയ ഡയറക്ടറെ ഉടൻ തന്നെ തെരഞ്ഞെടുക്കും, അതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതടക്കമുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. വിദ്യാർത്ഥികൾ ഉന്നയിച്ച മറ്റ് വിഷയങ്ങളിലും കൃത്യമായ പരിഹാരമുണ്ടാകും.

സമരത്തിന് ആധാരമായ വിഷയം ചുവടെ

സമരത്തിന്റെ മുഖ്യ വിഷയം 2021 – 2022 ലെ പ്രവേശനത്തിൽ സംവരണം അട്ടിമറിക്കപ്പെട്ടു എന്നതാണ്. ഇതുസംബന്ധിച്ച് ഒരു ദലിത് വിദ്യാർത്ഥി കോടതിയിൽ കോവാറന്റോ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം, മെറിറ്റ് ഇല്ലെന്ന ന്യായത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിഷൻ നിഷേധിച്ച ഈ വിദ്യാർത്ഥി കൊൽക്കത്ത എസ്.ആർ.എഫ്.ടി.ഐ യുടെ പരീക്ഷ പാസ്സായി അവിടെ അഡ്മിഷന് അർഹനായിട്ടുണ്ട്. മെറിറ്റ് ഇല്ലെന്ന് കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിധിച്ച വിദ്യാർത്ഥിക്ക് രാജ്യത്തെ ഏറ്റവും മികച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചകാര്യം സമരത്തിലുള്ള വിദ്യാർത്ഥികൾ ഉയർത്തിക്കാട്ടുന്നു.