വിസാ സ്റ്റാമ്പിംഗിന് സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ല: മുംബൈ കോണ്‍സുലേറ്റ്

0
83

ഇന്ത്യന്‍ സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് മുംബൈ കോണ്‍സുലേറ്റ്. ഇതോടെ പ്രൊഫഷണല്‍ വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെ നടപടിക്രമം വേഗത്തിലാകും.

സൗദിയില്‍ ഇന്ത്യക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നോട്ടറിയും ആഭ്യന്തര മന്ത്രാലയവും അറ്റസ്റ്റ് ചെയ്തതിന് ശേഷം ഇന്ത്യയിലെ സൗദി എംബസി സാക്ഷ്യപ്പെടുത്തണം എന്നായിരുന്നു ചട്ടം. ഇത് ആവശ്യമില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു.

മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്നതിന് ഒരു പ്രമാണം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച് ഹേഗ് കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് നടപടി. ഇന്ത്യയും സൗദിയും ഹേഗ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയത്.

വിദ്യാഭ്യാസ യോഗ്യതകള്‍, കോടതി ഉത്തരവുകള്‍, ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവയെല്ലാം വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. സൗദിയിലേക്കുളള പ്രൊഫഷണല്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യന്‍ അധികൃതര്‍ അറ്റസ്റ്റ് ചെയ്ത രേഖകള്‍ സൗദിയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റികളിലേക്ക് അയക്കും. ഇതിന് കാലതാസം നേരിട്ടിരുന്നു. പുതിയ തീരുമാനം വന്നതോടെ വിസ സ്റ്റാമ്പിംഗ് വേഗത്തിലാകും.v